വിഷു റിലീസുകൾക്കായി മലയാള സിനിമ ഒരുങ്ങിക്കഴിഞ്ഞു. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ്സ്, ഗുഡ് ബാഡ് അഗ്ലി എന്നീ നാല് സിനിമകളാണ് ഇത്തവണ വിഷു ആഘോഷത്തിനായി എത്തുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ഈ സിനിമകൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വിഷു റിലീസുകളെക്കുറിച്ച് കണ്ടെന്റ് ക്രിയേറ്ററും നടനുമായ ഹാഷിർ പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഏപ്രിൽ 10 ന് ഇറങ്ങുന്ന സിനിമകളിൽ ഏതാണ് ആദ്യം കാണുന്നത്? മമ്മൂട്ടിയുടെ സിനിമയാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനോട് ‘ടിക്കറ്റ് കിട്ടുന്നതിനനുസരിച്ച് കാണും’ എന്നായിരുന്നു ഹാഷിറിന്റെ രസകരമായ മറുപടി. ‘ജസ്റ്റ് എസ്കേപ്പ്’, ‘തഗ് അടിച്ച് ഹാഷിർ’ തുടങ്ങിയ രസകരമായ കമന്റുകളുമായി പ്രേക്ഷകരും വീഡിയോയ്ക്ക് താഴെയെത്തി. ഹാഷിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാഴ 2 വിന്റെ പൂജ ചടങ്ങിലായിരുന്നു നടന്റെ പ്രതികരണം.
വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight; Hashir