Business

ട്രംപ് ഇഫക്ട്; വീണ്ടും തകര്‍ന്നടിഞ്ഞ് ഏഷ്യന്‍ വിപണി | Sensex

ജപ്പാന്റെ നിക്കി 225 സൂചിക തുടക്കത്തില്‍ ഏകദേശം നാലുശതമാനമാണ് ഇടിഞ്ഞത്

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്നുമുതല്‍ പ്രാബല്യത്തിലാവാനിരിക്കേ, ഏഷ്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വീണ്ടും കനത്ത ഇടിവ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 104 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണിയാണ് വിപണിയെ പ്രധാനമായി ഉലച്ചത്.

ജപ്പാന്റെ നിക്കി 225 സൂചിക തുടക്കത്തില്‍ ഏകദേശം നാലുശതമാനമാണ് ഇടിഞ്ഞത്. ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിപണികളും ഇടിഞ്ഞു.എസ് ആന്റ് പി 500 1.6 ശതമാനമാണ് താഴ്ന്നത്. തുടക്കത്തില്‍ നാലുശതമാനം മുന്നേറിയ ശേഷമാണ് എസ് ആന്റ് പി 500 സൂചിക താഴ്ന്നത്. ഫെബ്രുവരിയിലെ റെക്കോര്‍ഡ് നിലയേക്കാള്‍ ഏകദേശം 19 ശതമാനം താഴെയാണ് നിലവില്‍ എസ് ആന്റ് പി സൂചിക. അമേരിക്കയിലെ ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി 0.8 ശതമാനമാണ് ഇടിഞ്ഞത്. നാസ്ഡാക്കും നഷ്ടമാണ് രേഖപ്പെടുത്തിയത്. 2.1 ശതമാനമാണ് നഷ്ടം. പകരച്ചുങ്കം അമേരിക്കയെ പണപ്പെരുപ്പത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ വിപണിയെ ബാധിച്ചത്.

ആഗോളതലത്തില്‍ ഇന്നലെ ഓഹരി വിപണികളെല്ലാം മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കനത്ത ഇടിവ് നേരിടുന്നതാണ് ഇന്ന് കണ്ടത്. ദക്ഷിണ കൊറിയയുടെ കോസ്പി ഒരു ശതമാനമാണ് ഇടിഞ്ഞത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് വിപണി വിദഗ്ധര്‍.

content highlight: Sensex