കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം.കഴിഞ്ഞദിവസം കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. ഇതിനെ തുടർന്നാണ് രാധാകൃഷ്ണനെ സാക്ഷിയാക്കാൻ ഇഡി തീരുമാനിച്ചത്. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് സൂചന. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസമാണ് സമര്‍പ്പിക്കുക.
കരുവന്നൂര്‍ ബാങ്കില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണന്‍ പ്രതികരിച്ചു. അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. തന്റെ സ്വത്ത് വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നുവെന്നും താന്‍ പ്രതിയാണ് എന്ന മട്ടിലാണ് മറ്റുള്ളവര്‍ ഈ വിഷയത്തില്‍ പ്രചാരണം നടത്തുന്നതെന്നും എം പി കുറ്റപ്പെടുത്തി.
ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായത്. കൊച്ചി ഇ ഡി ഓഫീസില്‍ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ രാധാകൃഷ്ണന്‍ നേരത്തെ നല്‍കിയിരുന്നു. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന്‍ ഹാജരായിരുന്നില്ല.