Kerala

പാതിവില തട്ടിപ്പ് കേസ് ; സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് ജാമ്യമില്ല

പണം ലഭിച്ചത് ട്രസ്റ്റിനാണെന്ന ആനന്ദകുമാറിന്റെ വാദം കോടതി തള്ളുകയായിരുന്നു.

 

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ തന്റെ അക്കൗണ്ടില്‍ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും വ്യക്തിപരമായി കിട്ടിയതല്ലെന്നും ആനന്ദകുമാര്‍ കോടതിയിൽ പറഞ്ഞിരുന്നു. രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തയാറാണെന്നും ആനന്ദകുമാര്‍ വാദിച്ചിരുന്നു. എന്നാല്‍ പണം ലഭിച്ചത് ട്രസ്റ്റിനാണെന്ന ആനന്ദകുമാറിന്റെ വാദം കോടതി തള്ളുകയായിരുന്നു.