India

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് മല്ലികാർജുൻ ഖാർ​ഗെ

മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഖാർ​ഗെയുടെ പ്രതികരണം

 

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഖാർ​ഗെയുടെ പ്രതികരണം.വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്. അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത്പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. കോൺഗ്രസ് തിരിച്ചു വരും. രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. അങ്ങനെയുള്ളവരെയാണ് വിലങ്ങ് അണിയിച്ച് തിരിച്ചയച്ചത്. പ്രധാനമന്ത്രി ഇതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം കോൺഗ്രസ് ഭരണകാലത്ത് നിർമ്മിച്ചവയാണ്. ഇപ്പോൾ എല്ലാത്തിന്‍റേയും ശിൽപി താനാണെന്ന് മോദി പറയുന്നു. എത്ര പരിഹാസ്യമാണിത്. പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ സുഹൃത്തുക്കൾക്ക് വിറ്റഴിക്കുന്നു. ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വിൽക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു.