ഒന്ന് കൂളാകാൻ ഒരു പൈനാപ്പിൾ സർബത്ത് ആയാലോ? കിടിലൻ സ്വാദാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ 1
- പഞ്ചസാര 800 ഗ്രാം
- വെള്ളം 1/2 ലിറ്റർ
- ബ്ലാക്ക് സാൾട്ട് 1 ടീസ്പൂൺ
- കുരുമുളക് 1/2 ടീസ്പൂൺ
- ചാട്ട് മസാല 1 ടീസ്പൂൺ
- വറുത്ത ജീരകപൊടി 1 ടീസ്പൂൺ
- നാരങ്ങ നീര് 1 ടീസ്പൂൺ
- മഞ്ഞ ഫുഡ് കളർ 1 തുള്ളി
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി പകുതി പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് ഒരു പ്രഷർ കുക്കറിൽ ഇട്ട് ചെറിയ തീയിൽ 2 വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോയശേഷം മിക്സിയിൽ പൈനാപ്പിൾ അരച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത പൾപ്പ് ഒരു പാനിൽ ഇട്ട് ബാക്കിയുള്ള പഞ്ചസാര ചേർത്ത് തുടർച്ചയായി ഇളക്കി 5 മിനിറ്റ് വേവിക്കുക. ഗ്യാസ് ഓഫ് ചെയ്ത് നാരങ്ങാനീരും ചാട്ട് മസാലയും ഫുഡ് കളറും മറ്റ് മസാലകളും ചേർത്ത് നന്നായി ഇളക്കുക.
മിശ്രിതം പൂർണ്ണമായും തണുക്കുമ്പോൾ, ഒരു ക്യൂബ് ട്രേയിൽ പകർന്ന് ഫ്രീസറിൽ ഫ്രീസു ചെയ്യുക അല്ലെങ്കിൽ ഒരു ഗ്ലാസ് ബോട്ടിലിൽ നിറച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. സെർവ്വ് ചെയ്യുമ്പോൾ ഒരു ഗ്ലാസിൽ 1 ടേബിൾസ്പൂൺ പൈനാപ്പിൾ സർബത്ത് ഒഴിക്കുക അല്ലെങ്കിൽ ഫ്രോസൺ പൈനാപ്പിൾ ക്യൂബ്സ് ഇടുക, അതിൽ തണുത്ത വെള്ളം ചേർത്ത് തണുപ്പിച്ച് സെർവ്വ് ചെയ്യുക.