യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടായ പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് പേയ്‌മെന്റിന്റെ ഇടപാട് പരിധി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. യുപിഐ നിയന്ത്രിക്കുന്ന, റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയത്.
റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പ്രഖ്യാപിക്കാന്‍ ചേര്‍ന്ന ധനകാര്യനയ സമിതി യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍, യുപിഐയില്‍ വ്യക്തിയും വ്യക്തിയും (P2P), വ്യക്തിയും വ്യാപാരിയും (P2M) തമ്മിലുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ചില കേസുകളില്‍ രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്.
പുതിയ സാഹചര്യങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇക്കോസിസ്റ്റത്തെ പ്രാപ്തമാക്കുന്നതിന് ബാങ്കുകളുമായും യുപിഐ സേവനം നല്‍കുന്ന മറ്റ് പങ്കാളികളുമായും ഇതുസംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൂടിയാലോചനകള്‍ നടത്തണം. തുടര്‍ന്ന് ഇടപാട് പരിധി ഉയര്‍ത്തുന്നതുമായോ പരിഷ്‌കരിക്കുന്നതുമായോ ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.
ഉയര്‍ന്ന ഇടപാട് പരിധിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഉചിതമായ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് സ്വന്തം പരിധി തീരുമാനിക്കാനുള്ള ബാങ്കുകളുടെ വിവേചനാധികാരം തുടരുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെയുള്ളതുപോലെ യുപിഐയിലെ വ്യക്തിയും വ്യക്തിയും (P2P) തമ്മിലുള്ള ഇടപാടിന്റെ പരിധി ഒരു ലക്ഷമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃ പരിശോധിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ടെന്നും സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.
content highlight: UPI