ആന്ത്രാക്സ് ബാധിച്ച് 50 ഹിപ്പോപ്പൊട്ടാമസുകൾ അടക്കം നിരവധി മൃഗങ്ങൾ ചത്തു. കോംഗോയിലെ വിരുംഗ ദേശീയ പാർക്കിലാണ് ആന്ത്രാക്സ് ബാധയുണ്ടായത്. പരിശോധനയിൽ ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചതായി വിരുംഗ പാർക്ക് ഡയറക്ടർ ഇമ്മാനുവൽ ഡി മെറോഡ് പറഞ്ഞു. ഉറവിടം എന്തെന്ന് വ്യക്തമായിട്ടില്ല. ചത്ത ഹിപ്പോകളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കുഴിച്ചിടാനുള്ള ശ്രമങ്ങൾ നടക്കുകണ്. ഇഷാഷ നദിയിൽ ചലനമറ്റ് കിടക്കുന്ന ഹിപ്പോകളുടെ ചിത്രങ്ങൾ പാർക്ക് പുറത്തുവിട്ടു.
വേട്ടയാടലും യുദ്ധവുമെല്ലാം കാരണം 2006 ആയപ്പോഴേക്കും ഹിപ്പോകളുടെ എണ്ണം 20000ത്തിൽ നിന്ന് നൂറായി കുറഞ്ഞിരുന്നു. തുടർന്ന് ഹിപ്പോകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ദേശീയോദ്യാനം നടപടികളെടുത്തു. അതിനിടെയുണ്ടായ സംഭവങ്ങൾ വലിയ ആഘാതമായി മാറി. പാർക്കിൽ ഇപ്പോൾ ഏകദേശം 1200 ഹിപ്പോകളുണ്ട്.മണ്ണിൽ കാണപ്പെടുന്ന ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗമാണ് ആന്ത്രാക്സ്. മലിനമായ മണ്ണിലോ സസ്യങ്ങളിലോ വെള്ളത്തിലോ ഉള്ള ഇവ ശ്വസിച്ചാൽ മൃഗങ്ങൾക്ക് രോഗം പിടിപെടും. വന്യജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും വെള്ളം തിളപ്പിച്ച് കുടിക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നേച്ചർ കൺസർവേഷൻ പ്രദേശത്തെ ജനങ്ങൾക്ക് നിർദേശം നൽകി.