വൻ വിവാദങ്ങൾക്ക് ഒടുവിൽ വിഴിഞ്ഞം വിജിഎഫ് കരാറിൽ കേരളം ഒപ്പുവച്ചു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കരാറിലൂടെ കേന്ദ്ര സഹായമായ 817.80 കോടി രൂപ വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും.
കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ വിമർശിച്ചു.
വിജിഎഫ് തുക വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിനെ ഇന്നും സംസ്ഥാനം വിമർശിച്ചു. സാധാരണഗതിയിൽ ഇത്തരം പദ്ധതികൾക്ക് ഗ്രാന്റ് ആയാണ് വിജിഎഫ് നൽകാറുള്ളതെന്നും കേന്ദ്രത്തോട് കേരളം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇനിയും കാത്ത് നിന്ന് സമയം കളയാനില്ലാത്തത് കൊണ്ടാണ് കരാർ ഒപ്പിടുന്നതെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിജിഎഫ് കരാറിൽ ഒപ്പിട്ടത് ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി പ്രതികരിച്ചു.