Kerala

കേരളം ടൂറിസം മേഖലയിൽ ലോകരാജ്യങ്ങൾക്കൊപ്പമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം മേഖലയിൽ പുതിയ ആശയം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളം ടൂറിസം രം​ഗത്ത് ലോകരാജ്യങ്ങളുമായാണ് കിടപിടിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവകാശപ്പെട്ടു. പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. ജനങ്ങൾക്ക് വേണ്ടിയാണ് ‍ടൂറിസം നിലകൊള്ളുന്നത്, ജനങ്ങളാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരെന്നും ടൂറിസം മേഖലയിൽ പുതിയ ആശയം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിദേശ സഞ്ചാരികളുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ വർദ്ധനവ് ലക്ഷ്യമിട്ട് പരമ്പരാഗത വിപണിക്ക് പുറമേ കൂടുതൽ രാജ്യങ്ങളിലേക്കും പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലുക്ക്‌ ഈസ്റ്റ്‌ പോളിസി നടപ്പിലാക്കുന്നുണ്ട്. ചൈന മുതൽ ഓസ്ട്രേലിയ വരെ നീണ്ടുകിടക്കുന്ന രാജ്യങ്ങളിൽ മാർക്കറ്റിംഗ് ശക്തമാക്കും. ഇതിന്റെ ഭാഗമായി മലേഷ്യൻ എയർലൈൻസുമായി ചേർന്ന് വിവിധ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും എത്തുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.