ലോകത്ത് നടക്കുന്ന ഓൺലൈൻ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണെന്ന് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത്. റൈസിംഗ് ഭാരത് ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം ഡിജിറ്റൽ ഇടപാടുകളെ കുറിച്ച് സംസാരിക്കവേയാണ് പരാമർശം ഓൺലൈൻ ഇടപാടുകൾ വർധിക്കാനുള്ള പ്രധാന കാരണം ഡിജിറ്റൽ പേയ്‌മെന്റുകളുടെ അതിവേഗത്തിലുള്ള നവീകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേഗത്തിലുള്ള പണമിടപാടുകളിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. ആഗോള ഡിജിറ്റൽ ഇടപാടുകളുടെ 50% കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ കഴിഞ്ഞാൽ 20% ഇടപാടുകളുമായി ചൈനയാണ് തൊട്ടുപിന്നിൽ.പത്ത് വര്ഷം മുൻപ് നമ്മൾ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ ഭാഗമായിരുന്നു. എന്നാൽ ഇന്ന് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒന്നായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലുമുള്ള വളർച്ചയെക്കുറിച്ചും അമിതാഭ് കാന്ത് പറഞ്ഞു.
സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ സാങ്കേതിക മേഖലയിൽ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ 56 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 1,61,000-ത്തിലധികം സ്റ്റാർട്ടപ്പുകളുണ്ട്, 100-ലധികം യൂണികോണുകളും ഉണ്ടെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.