പാർവതി പുത്തനാറിലും അനുബന്ധ കനാലുകളിലുമുള്ള മാലിന്യങ്ങൾ നീക്കി മഴക്കാല പൂർവ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതിക്ക് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, നഗരസഭാ സെക്രട്ടറി, പ്രധാന കനാലുകളുടെ ചുമതലയുള്ള ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ഇൻലന്റ് നാവിഗേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയ സമിതി മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ച കനാലുകൾ യാതൊരു കാരണവശാലും വെള്ളപ്പൊക്കത്തിന് കാരണമായി മാറരുതെന്ന് സമിതി ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകാൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ നടപടിയെടുക്കണം. മേയ് അവസാന വാരത്തിന് മുമ്പ് ശുചീകരണം പൂർത്തിയാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിൽ (അർബൻ ഫ്ലഡ് മിറ്റിഗേഷൻ പ്രോജക്റ്റ്) നിന്നും മഴക്കാല പൂർവ ശുചീകരണത്തിന് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ ഫണ്ട് സംഘടിപ്പിക്കാനുള്ള ശ്രമം നഗരസഭാ സെക്രട്ടറി നടത്തണം. ദേശീയ അതോറിറ്റിയിൽ നിന്നും ഫണ്ട് ലഭിക്കുന്നതിനുള്ള സാധ്യതകൾ ത്വരിതപ്പെടുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം തേടാൻ ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും നടപടിയെടുക്കണം.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് അധിക്യതർ ഉറപ്പാക്കണം. ആമയിഴഞ്ചാൻ, ഉള്ളൂർ, പട്ടം, കരിയിൽ കനാലുകളിൽ നിന്നുമുണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ഭീഷണി പൂർണമായി ഒഴിവാക്കാൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണം. നടപടികൾ സ്വീകരിച്ച ശേഷം ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത്, ഇറിഗേഷൻ,ഇൻലന്റ് നാവിഗേഷൻ വകുപ്പ് എന്നിവർ ഒരുമാസത്തിനകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
മാലിന്യ നിക്ഷേപം കാരണം കുളവാഴകൾ രൂപംകൊണ്ട് ഒഴുക്ക് നിലച്ച ആക്കുളം – വേളി കായലിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുളള നടപടികൾക്കായി ജില്ലാ കളക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, നഗരസഭാ സെക്രട്ടറി, നഗരസഭാ ആരോഗ്യ വിഭാഗം പ്രതിനിധി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ കായലിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ചർച്ച ചെയ്യണം.
ആക്കുളം കായലിലും പാർവതി പുത്തനാറിലും മാലിന്യം നിക്ഷേപിക്കുന്ന സ്വകാര്യ ഏജൻസികളെ ഉൾപ്പെടെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവി ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകണം. ഇന്ത്യൻ ശിക്ഷാ നിയമം / ഭാരതീയ ന്യായ സംഹിത, പരിസ്ഥിതി നിയമങ്ങൾ, മുൻസിപാലിറ്റി ചട്ടങ്ങൾ എന്നിവ പ്രകാരം നിയമലംഘകർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആക്കുളം-വേളി കായൽ ശുചിയാക്കൽ സംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ദുരന്തനിവാരണ അതോറിറ്റി ഡപ്യൂട്ടി കളക്ടർ മേയ് 6 രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പങ്കെടുക്കണം.നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത്, ഇറിഗേഷൻ,ഇൻലന്റ് നാവിഗേഷൻ എന്നീ വകുപ്പുകളുടെ പ്രതിനിധികൾ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മേധാവി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
CONTENT HIGH LIGHTS;Pre-monsoon cleaning: Akkulam-Veli lake should be cleared of pond scum; Human Rights Commission demands action on war footing