ബേസിൽ ജോസഫ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് മരണമാസ്സ്. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ട് രാജ്യങ്ങളിൽ അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സൗദിയിലും കുവൈത്തിലുമാണ് മരണമാസ്സിന് പ്രദർശന വിലക്കുള്ളത്. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രില്‍ 10-നാണ് തീയേറ്ററുകളിലെത്തുന്നത്.
‘നിലവിൽ മരണമാസ്സ് സൗദിയിൽ റിലീസ് ചെയ്യാൻ പറ്റില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് കിട്ടിയ വിവരം ട്രാൻസ്ജെൻഡർ ആയ വ്യക്തി കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് സിനിമയ്ക്ക് അവിടെ റിലീസ് ചെയ്യാൻ പറ്റാത്തത് എന്നാണ്. കുവൈറ്റിലും സിനിമ റിലീസ് ചെയ്യാനാകില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. സിനിമയിലെ ട്രാൻസ്ജെൻഡറിൻ്റെ സീനുകൾ ഒഴിവാക്കണമെന്ന് പറഞ്ഞ് കുവൈറ്റിൽ നിന്നും ഞങ്ങൾക്ക് നിർദ്ദേശം വന്നിട്ടുണ്ട്. അവിടെ അവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാൽ റിലീസ് ചെയ്യാമെന്നാണ് പറയുന്നത്. പക്ഷെ സൗദിയിൽ സിനിമ റിലീസ് ചെയ്യാൻ കഴിയില്ല.’ ശിവപ്രസാദ് വ്യക്തമാക്കി.
ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
STORY HIGHLIGHT: marana mass movie ban