എമ്പുരാൻ സിനിമയുടെ ഭാഗമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം മണിക്കുട്ടൻ. എന്നാൽ സ്ക്രീൻ ടൈം കുറഞ്ഞതിന്റെ പേരിൽ മണിക്കുട്ടനെതിരെ നിരവധി ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ അത്തരം പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നതായി മണിക്കുട്ടൻ പറഞ്ഞു. ട്രോള്‍ വിഡിയോ പങ്കുവെച്ചാണ് മണിക്കുട്ടൻ കുറിച്ചത്.
‘‘മലയാളത്തിലെ അത്രയധികം കലക്‌ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്മ സമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപെടില്ല, എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.
പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊർജം, എന്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഒരു ഓർമപ്പെടുത്തൽ ആണ് ‘തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല’’.–മണിക്കുട്ടന്റെ വാക്കുകൾ.
‘എമ്പുരാൻ’ സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ ഉൾപ്പെടുത്തിയായിരുന്നു ട്രോൾ. ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയിൽ ഇട്ടത്..? മുഴുവൻ സമയവും ഓട്ടത്തിലായിരുന്നല്ലോ എന്ന അടിക്കുറിപ്പോടെയായിരുന്നു പരിഹാസ ട്രോൾ.
മണിക്കുട്ടന്റെ പ്രതികരണത്തിനു പിന്തുണ അറിയിച്ച് നിരവധി ആരാധകർ എത്തി. പരിഹാസങ്ങളില്‍ തളരാതെ മുന്നോട്ട് പോകാൻ ആശംസകള്‍ നേർന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.
‘മണിക്കൂട്ടൻ നന്നായി തന്നെ എമ്പുരാനില്‍ പെർഫോം ചെയ്തു, പരിഹസിക്കുന്നവർ പരിഹസിക്കട്ടേ, സ്ക്രീൻ ടൈം കുറവായിരുന്നുവെങ്കിലും കിടുവായിരുന്നു, ചേട്ടാ ഇപ്പോഴത്തെ കാലത്ത് ട്രോള്‍ വരണം. അങ്ങനെ വന്നാല്‍ അതിന്റെ അർഥം ഹിറ്റായിയെന്നും അത്രയും പേരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നുമാണ്, ഇതൊക്കെ ചുമ്മാ ഫണ്‍ ആയിട്ട് കണ്ടാല്‍ മതി, അല്ലേലും ആരും ഒറ്റയടിക്ക് ക്ലച്ച് പിടിച്ച ചരിത്രമില്ല. പെട്ടെന്ന് കേറിയവർ അധികകാലം പിടിച്ച് നിന്നിട്ടുമില്ല, കായംകുളം കൊച്ചുണ്ണി എന്ന ഒറ്റ കഥാപാത്രം മതി നിങ്ങളെ ഓർത്തിരിക്കാൻ ഭാവങ്ങളും മെയ്‌വഴക്കവും ആരും മറക്കില്ല. പിന്നെ സിനിമയെ സിനിമ ആയിട്ട് കാണാൻ എല്ലാവരും പറയുന്നതുപോലെ ട്രോളിനെ ട്രോള്‍ ആയിട്ട് കാണുക. ഇത്രയും അഭിനയ ശേഷിയുള്ള ലാലേട്ടനെ പോലും ആളുകള്‍ ട്രോളുന്നില്ലേ…’ എന്നിങ്ങനെയാണ് കമന്റുകള്‍.
Content Highlight: manikkuttan about empuraan