ആശാവര്‍ക്കര്‍മാരുടെ സമരത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആശാവർക്കേഴ്സിന്റെ സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സർക്കാരിനെ സംബന്ധിച്ചിടത്തോളം വാശിയുടെ പ്രശ്നമല്ല. ഇതിൽ വാശിയൊന്നും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ 6000 രൂപയാണ് ഓണറേറിയത്തിൽ വർധിപ്പിച്ചത്. 13000 രൂപയിൽ 10000 രൂപയും സംസ്ഥാനമാണ് നൽകുന്നത്. ഇത്രയും നൽകുന്ന സർക്കാരിന് എതിരെയാണോ, അതോ കേന്ദ്രത്തിന് എതിരെയാണോ എന്ന് ആശമാർ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആശമാരിൽ 95 ശതമാനവും സമരത്തിലിലില്ല. എന്നിട്ടും അവരെ അവഗണിച്ചിട്ടില്ല. അഞ്ചു തവണ സർക്കാർ ചർച്ച നടത്തി. തൊഴിൽ മന്ത്രിയും ചർച്ച നടത്തി. സർക്കാർ നടപ്പാക്കാൻ പറ്റുന്ന പലതും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. എല്ലാം ചെയ്തു എന്നിട്ടും 21000 രൂപ എന്ന നിലപാടിൽ നിൽക്കുന്നു. സാഹചര്യം വന്നാൽ ഓണറേറിയം കൂട്ടി കൊടുക്കാം എന്ന് തന്നെയാണ് കാണുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകൾ സർക്കാർ നിലപാട് അംഗീകരിച്ചിട്ടുണ്ട്. സമര സംഘടന മാത്രമാണ് നിലപാട് പറയാത്തത്. പദ്ധതി കേന്ദ്രത്തിന്റേത്. കേന്ദ്രം ഇൻസെന്റീവിൽ മാറ്റം വരുത്തിയില്ല. ഏറ്റവും കൂടുതൽ തുക നൽകുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.