വഖഫ് ഭേദഗതി ബില്‍ പാസായപ്പോള്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരമായി എന്ന് തെറ്റിദ്ധരിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായി സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുളള ശ്രമമാണ് ചിലര്‍ നടത്തുന്നത്. വഖഫ് ബില്ലും മുനമ്പം വിഷയവും ബന്ധിപ്പിച്ചുളള ബിജെപിയുടെ വാദങ്ങള്‍ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാക്കുന്നത്. ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. വര്‍ഗീയ മുതലെടുപ്പിനുളള ശ്രമമാണ് മുനമ്പത്തെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്നത്. ഇത് മുനമ്പം നിവാസികള്‍ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്‌ലിം വിഭാഗത്തെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന നടപടികളുമായി സംഘപരിവാര്‍ മുന്നോട്ടുപോകുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണങ്ങളും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാകുന്ന വിധത്തിലുള്ള പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.