മുസ്ലിം ലീഗുമായി സഹകരിക്കാതെ ആയപ്പോൾ തന്നെ മുസ്ലിം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലീങ്ങൾക്കെതിരെ പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് മുസ്ലിം ലീഗ് നേതാക്കളാണ്. താൻ ഒരിക്കലും ഒരു മുസ്ലിം വിരോധിയല്ലെന്നും തന്റെ മലപ്പുറം പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നാഷണൽ ലീഗ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. എന്റെ അഭിഭാഷകനും ഓഡിറ്ററും മുസ്ലീങ്ങളാണ്. തന്നെ മുസ്ലിം വീരോധിയാക്കാനുള്ള മുസ്ലീംലീഗിന്റെ നീക്കത്തെ പൊളിച്ചടുക്കാനാണ് താൻ ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ കുത്തക അവകാശം ഏറ്റെടുക്കാനുള്ള അവകാശം ലീഗിനില്ല. ഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിംലീഗിന് പുറത്തുള്ളവരാണ്. താൻ പ്രകടിപ്പിച്ചത് ഞങ്ങളുടെ ദുഃഖസത്യങ്ങൾ. വിഭാഗീയത സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.