പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. പുതിയ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈ ഡേയിൽ മദ്യം നൽകാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്.
മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം. അതേ സമയം ബീവറേജിനും ബാറുകൾക്കും ഡ്രൈ ഡേ തുടരും. ബാറുകളുടെ വാർഷിക ലൈസൻസ് തുക 35 ലക്ഷം എന്നതിൽ മാറ്റമില്ല.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നൽകാം. ഇതിനായി യാനങ്ങൾക്ക് ബാർലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിലും മാറ്റമില്ല. ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 400 മീറ്ററാണ് കള്ളുഷാപ്പുകളുടെ ദൂരപരിധി.