ആലത്തൂരിൽ കള്ളൻ വിഴുങ്ങിയ മാല ഒടുവിൽ കിട്ടി. പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്സ്-റേ ഉൾപ്പെടെ ചെയ്ത് കള്ളന്റെ വയറിളക്കിയാണ് മാല പുറത്തെടുത്തത്. ആലത്തൂർ മേലാർകോട് വേലയ്ക്കിടെയാണ് മധുര സ്വദേശിയായ മുത്തപ്പൻ എന്ന കള്ളൻ ഉത്സവം കാണാൻ എത്തിയ കുട്ടിയുടെ മാല കവർന്നത്. സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കള്ളൻ മാല വിഴുങ്ങി. എക്സ്റേ എടുത്തപ്പോഴാണ് മാല കള്ളന്റെ വയറ്റിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ മാല പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ശേഷം കള്ളന് ധാരാളം ഭക്ഷണവും പഴവും എല്ലാം കൊടുത്താണ് തൊണ്ടിമുതൽ പൊലീസ് ഉറപ്പാക്കിയത്. കള്ളൻ വിഴുങ്ങിയ മാല മൂന്നാം ദിവസമാണ് കിട്ടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.