സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുണ്ട് മഹാബലേശ്വറിൽ. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ എന്ന കുന്നിന്‍പുറം. മറ്റ് പല പ്രധാന കുന്നിന്‍പുറ വിനോദസഞ്ചാര കേന്ദ്രങ്ങളുമെന്ന പോലെ മഹാബലേശ്വറും ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല വസതിക്ക് പേരുകേട്ട സ്ഥലമാണ്. മഹത്തായ ശക്തിയുള്ള ദൈവമെന്നാണ് മഹാബലേശ്വര്‍ എന്ന വാക്കിന് അര്‍ത്ഥം. അഞ്ച് നദികളുടെ നാട് എന്നും മഹാബലേശ്വര്‍ അറിയപ്പെടാറുണ്ട്. വെന്ന, ഗായത്രി, സാവിത്രി, കൊയോന, കൃഷ്ണ എന്നിവയാണ് മഹാബലേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ആ അഞ്ച് നദികള്‍.
മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രാജാ സിംഗനാണ് പഴയ മഹാബലേശ്വര്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി പതിനേഴാം നൂറ്റാണ്ടില്‍ മഹൈബലേശ്വര്‍ കീഴടക്കി. മഹാബലേശ്വറില്‍ ഛത്രപതി ശിവജി പണികഴിപ്പിച്ച കോട്ടയുടെ പേരാണ് പ്രതാപ്ഘട്ട് കോട്ട. പിന്നീട് 1819 ല്‍ മഹബലേശ്വര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. മാല്‍ക്കം പേട് എന്നുകൂടി പേരുള്ള പുതിയ മഹേബലേശ്വര്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് പിന്നീടാണ്.
150 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് മഹബലേശ്വര്‍ പരന്നുകിടക്കുന്നത്. അതും സഞ്ചാരികളെ മോഹാലസ്യപ്പെടുത്തുന്ന 4718 അടി ഉയരത്തില്‍. മഹാനഗരങ്ങളായ മുംബൈയില്‍ നിന്നും 264 ഉം പുനെയില്‍നിന്നും 117 കിലോമീറ്റര്‍ ദൂരത്തിലാണ് മഹേബലേശ്വര്‍. നഗരജീവിതത്തില്‍ നിന്നും മനോഹരമായ ഒരു അവധിക്കാലമായിരിക്കും സഞ്ചാരികള്‍ക്ക് മഹാബലേശ്വര്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് ചുരുക്കം.
കനത്ത ഫോറസ്റ്റ്, മലനിരകള്‍, നദികള്‍, വിവധതരം സസ്യലതാദികള്‍, എന്നിങ്ങനെ പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകളുടെ സങ്കേതമാണ് മഹാബലേശ്വര്‍. വില്‍സണ്‍ പോയന്റ് എന്നറിയപ്പെടുന്ന സണ്‍റൈസ് പോയന്റാണ് ഈ പ്രദേശത്തെ ഏറ്റവം ഉയരം കൂടിയ സ്ഥലം. ചക്രവാളത്തിന്റെ മനോഹര കാഴ്ചകളുമായി കൊണാട്ട് പീക്കാണ് രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി. ഇവിടെ ആദ്യമായി വീട് പണിയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്‍തര്‍ മെലറ്റിന്റെ പേരിലുള്ള ആര്‍തര്‍ സീറ്റ്, കുട്ടികളുടെ പ്രിയ സ്ഥലമായ എക്കോ പോയിന്റ് തുടങ്ങിയവയാണ് മഹാബലേശ്വറിലെ ആകര്‍ഷകമായ മറ്റ് സ്ഥലങ്ങള്‍.
എല്‍ഫിന്‍സ്റ്റോണ്‍ പോയന്റ്, മാര്‍ജോരീ പോയന്റ്, കാസ്റ്റ്ല്‍ റോക്ക് എന്നിവയാണ് മഹാബലേശ്വറില്‍ കാണാതെ പോകരുതാത്ത കുറച്ച് സ്ഥലങ്ങള്‍. ബാബിംഗ്ടണ്‍ പോയന്റ്, ഫാള്‍ക്ലാന്‍ഡ് പോയന്റ്, കാര്‍ണാക് പോയന്റ്, ബോംബെ പോയന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മനോഹരമായ പനോരമിക് ദൗശ്യങ്ങള്‍ ആസ്വദിക്കാം. മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി പണികഴിപ്പിച്ച പ്രതാപ്ഘട്ട് കോട്ടയാണ് ഇവിടത്തെ ആകര്‍ഷകമായ മറ്റൊരു കാഴ്ച.
മനോഹരമായ ചില ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഓള്‍ഡ് മഹാബലേശ്വറിലെ മഹാബലേശ്വര ക്ഷേത്രമാണ് ഇവയില്‍ പ്രധാനം. വെന്ന തടാകമാണ് പ്രദേശത്തെ ഒരു പ്രധാന കാഴ്ച. നിരവധി ആയുര്‍വ്വേദ മരുന്നുകളും മറ്റ് ഔഷധച്ചെടികളും നിറഞ്ഞതാണ് മഹാബലേശ്വറിലെ കാടുകള്‍. ബുള്‍ബുള്‍, കുറുക്കന്‍, കാട്ടുപോത്ത് തുടങ്ങിയവയാണ് ഇവിടത്തെ കാടുകളിലെ പ്രധാനപ്പെട്ട അന്തേവാസികള്‍. ശുദ്ധമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുന്ന അന്തരീക്ഷത്തില്‍ മഹാബലേശ്വറില്‍ അല്‍പം സമയം ചെലവഴിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. മനോഹരമായ കാലാവസ്ഥയാണ് മഹാബലേശ്വറിലെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. ഇവിടത്തെ വേനല്‍ക്കാലം ഏറെ ചൂടുള്ളതോ, മഴക്കാലം തുണുത്ത് വിറക്കുന്നതോ അല്ല. മഴക്കാലം മഹാബലേശ്വറിനെ ഏറെ മനോഹരമാക്കുന്നു. വെള്ളച്ചാട്ടങ്ങളും പച്ചപ്പും കാണാനായി ഇക്കാലത്ത് നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചൈനീസ്, മലയ് ആളുകള്‍ക്കായി മഹബലേശ്വര്‍ ഒരു ജയിലായും പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം പറയുന്നു. ഇന്ന് സ്‌ട്രോബറിക്ക് പ്രശസ്തമായ മഹാബലേശ്വറില്‍ ഇതിന്റെ കൃഷി തുടങ്ങിയത് ഈ ജയില്‍വാസികളാണത്രേ.
സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ് മഹാബലേശ്വറില്‍. വായുമാര്‍ഗവും റെയില്‍മാര്‍ഗവും റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഇവിടെയെത്താം. പുനെയാണ് അടുത്തുള്ള വിമാനത്താവളം. വാത്താറാണ് റെയില്‍വേ സ്റ്റേഷന്‍. മുംബൈ, പുനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് യാത്രയെങ്കില്‍ മനോഹരമായ റോഡിലൂടെയാകുന്നതാണ് ഏറ്റവും നല്ലത്. നിരവധി ബസ്സുകളും ഇവിടേക്കുണ്ട്. പണിത്തിരക്കുകള്‍ക്കിടയില്‍ നിന്നും വിടുതല്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വന്നുപോകാന്‍ പറ്റിയ സ്ഥലമാണ് മഹാബലേശ്വര്‍. സഞ്ചാരികളുടെ സ്വര്‍ഗം എന്നുവേണമെങ്കില്‍ മഹാബലേശ്വറിനെ വിളിക്കാം. ആദ്യമായി സഞ്ചരിക്കുന്നവരോ സ്ഥിരമായി പോകുന്നവരോ ആകട്ടെ മനോഹരമായ ഒരു അനുഭവമായിരിക്കും മഹാബലേശ്വര്‍.
STORY HIGHLIGHTS : Mahabaleshwar has many attractions that attract tourists