വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ തിരിച്ചടിയുമായി ചൈനയും യൂറോപ്യൻ യൂണിയനും. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായി ചൈന ഉയർത്തി. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും.
ചൈനയ്ക്കെതിരെ ആദ്യം ട്രംപ് 34 ശതമാനം തീരുവ ചുമത്തുകയും ഇതിനു തിരിച്ചടിയായി ചൈന യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. ചൈനയുടെ നടപടിയ്ക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉൽപന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ ചൈന നികുതി വർധിപ്പിച്ചിരിക്കുന്നത്. ‘‘അമേരിക്ക വ്യാപാര നിയന്ത്രണങ്ങൾ വർധിപ്പിച്ചാൽ, ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും അവസാനം വരെ പോരാടാനും ചൈനയ്ക്ക് ഉറച്ച ഇച്ഛാശക്തിയും മാർഗങ്ങളുമുണ്ട്’’ – ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.
ചൈനയ്ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും യുഎസ് ഉൽപന്നങ്ങൾക്ക് മുകളിലുള്ള തീരുവ വർധിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ സ്റ്റീൽ, അലുമിനിയം കയറ്റുമതിയ്ക്ക് മുകളിൽ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകി. 27 അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും തീരുവ ചുമത്താനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഏപ്രിൽ പകുതിയോടെ ചില തീരുവകൾ നിലവിൽ വരും. കാർഷിക ഉൽപന്നങ്ങൾ മുതൽ ഡയമണ്ട് വരെയുള്ള ഉൽപന്നങ്ങൾക്ക് മുകളിലാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്.
content highlight: china-eu-hits-back-us-donald-trumps-with-tariffs