Sports

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് | ipl

ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ തുടക്കം തന്നെ പതറി

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159 ന് പുറത്തായി. 58 റണ്‍സ് ജയത്തോടെ ഗില്ലും സംഘവും പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റാണ് ഗുജറാത്തിന്.

ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ തുടക്കം തന്നെ പതറി. 12 റണ്‍സിനിടെ തന്നെ ടീമിന് രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്‌സ്വാളും(6) നിതീഷ് റാണയും(1) നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണും റയാന്‍ പരാഗും ചേര്‍ന്നാണ് രാജസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് അതിവേഗം സ്‌കോറുയര്‍ത്തിയെങ്കിലും ടീം സ്‌കോര്‍ 60 ല്‍ നില്‍ക്കേ പരാഗ് (26) പുറത്തായി. പിന്നാലെ അഞ്ച് റണ്‍സ് മാത്രമെടുത്ത് ധ്രുവ് ജുറലും കൂടാരം കയറിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ടീം 68-4 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ ക്രീസിലൊന്നിച്ച സഞ്ജുവും ഹെറ്റ്മയറും രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100-കടത്തി. എന്നാല്‍ സഞ്ജുവിനെ പുറത്താക്കി പ്രസിദ്ധ് ബ്രേക്ക്ത്രൂ നല്‍കി. 28 പന്തില്‍ നിന്ന് 41 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. ഒരു റണ്‍ മാത്രമെടുത്ത് ശുഭം ദുബെയും പുറത്തായതോടെ ടീം 119-6 എന്ന നിലയിലായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ജൊഫ്ര ആര്‍ച്ചര്‍(4), തുഷാര്‍ ദേശ്പാണ്ഡെ(3) എന്നിവര്‍ വേഗം മടങ്ങി. ഹെറ്റ്‌മെയര്‍ അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 19.2 ഓവറില്‍ 159 റണ്‍സിന് രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണെടുത്തത്. ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നായകന്‍ ഗില്ലിനെ വേഗം നഷ്ടമായി. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശനും ജോസ് ബട്‌ലറും ചേര്‍ന്ന് ഗുജറാത്ത് സ്‌കോറുയര്‍ത്തി. ടീം ആറാം ഓവറില്‍ തന്നെ അമ്പതിലെത്തി. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 94 ല്‍ നില്‍ക്കേ ബട്‌ലറെ(36) പുറത്താക്കി മഹീഷ് തീക്ഷണ കൂട്ടുകെട്ട് പൊളിച്ചു.

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഷാരൂഖ് ഖാനുമായി മൂന്നാം വിക്കറ്റിലും സായ് സുദര്‍ശന്‍ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150-കടത്തി.എന്നാല്‍ തുടരെ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ മത്സരം കടുപ്പിച്ചു. ഷാരൂഖ് ഖാനെ(36) മഹീഷ് തീക്ഷണയും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡിനെ(7) സന്ദീപ് ശര്‍മയും പുറത്താക്കി.

ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും വെടിക്കെട്ടുമായി ക്രീസില്‍ നിലയുറപ്പിച്ച സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ സ്‌കോറിങ്ങിന് വേഗം കൂട്ടിയത്. എന്നാല്‍ സായ് സുദര്‍ശനെയും(82) റാഷിദ് ഖാനെയും(12) പുറത്താക്കി തുഷാര്‍ ദേശ്പാണ്ഡെ ഗുജറാത്തിനെ പ്രതിരോധത്തിലാക്കി. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(24) വെടിക്കെട്ട് നടത്തിയതോടെ ഗുജറാത്ത് സ്‌കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 ലെത്തി. രാജസ്ഥാനു വേണ്ടി തുഷാര്‍ ദേശ് പാണ്ഡെയും മഹീഷ് തീക്ഷണയും രണ്ട് വീതം വിക്കറ്റെടുത്തു.

content highlight: ipl-gujarat-titans-vs-rajasthan-royals-match