തിരുവനന്തപുരം: വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 60-ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 22-ാം ദിവസവും തുടരുകയാണ്. ആശാ വർക്കർമാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ വസ്തുതാപരമായി മനസിലാക്കാത്തതിനാൽ ആണെന്ന് ആശമാർ പറയുന്നു.
21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല. ആശമാർക്ക് ആദ്യഘട്ടത്തിൽ ഓണറേറിയമായി നൽകാൻ കഴിയുന്ന തുക എത്രയെന്ന് ഒരു ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാർ പറയുന്നു. അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.