തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ വനിത സിപിഒ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം തുടരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കാനിരിക്കെ, നിയമനം വൈകിപ്പിക്കുന്നതിനെതിരെ വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം മന്ത്രിസഭ ചർച്ചയ്ക്കെടുത്തില്ല. മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു സംസാരിക്കാനുള്ള സമരക്കാരുടെ ശ്രമവും പരാജയപ്പെട്ടു. സമരവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.
സമരത്തിന്റെ എട്ടാം ദിവസം കൂട്ട ഉപവാസം അനുഷ്ഠിക്കുന്ന ഉദ്യോഗാർഥികളിൽ പലരുടെയും ശരീരത്തിൽ മുറിവുകളാണ്. തലേദിവസം മുട്ടിലിഴഞ്ഞു നടത്തിയ പ്രതിഷേധത്തിന്റെ ശേഷിപ്പുകൾ. സ്വയം വേദനിപ്പിച്ചുള്ള പ്രതിഷേധ മുറകളിലേക്കു കടക്കുന്നതു മറ്റൊന്നും കൊണ്ടല്ലെന്നും 11 മാസമായി സഹിക്കുന്ന മനോവേദനയോളം കടുപ്പമല്ല ഇതെന്നും സമരക്കാർ പറയുന്നു. അങ്ങനെയെങ്കിലും ബന്ധപ്പെട്ടവരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർത്ഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർകൾ ലഭിച്ചത്. ഉയർന്ന കട്ടോഫും, ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂർത്തിയാക്കി ലിസ്റ്റിൽ പ്രവേശിച്ച ഇവരുരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 നാണ് അവസാനിക്കുക.