കോഴിക്കോട്: കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ ഫാഷൻ ഗോൾഡ് ചെയർമാനും മുസ്‍ലിം ലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം.സി.കമറുദ്ദീൻ, മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇരുവരെയും കോഴിക്കോട് നിന്നുള്ള ഇഡി സംഘം കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും രണ്ട് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. നിലവിൽ ഇരുവരെയും ഇഡി ചോദ്യം ചെയ്‌ത് വരികയാണ്.
എം.സി.കമറുദ്ദീൻ, ടി.കെ.പൂക്കോയ തങ്ങൾ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള 19.62 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ വൻലാഭം വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്നാണ് കേസ്. ഇവർക്കെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലായി 168 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ നേരത്തേ ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൂക്കോയ തങ്ങളുടെ മകൻ, കേസിൽ പ്രതിയായ ഹിഷാം വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാനായിട്ടില്ല.