ഇടുക്കി: നിക്ഷേപത്തുക തിരികെക്കിട്ടാത്തതിനാൽ നിക്ഷേപകൻ സഹകരണ സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ കേസിൽ പൊലീസിന് എതിരെ കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ ആത്മഹത്യക്ക് കാരണം സൊസൈറ്റി ഭരണസമിതിയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിആര്‍ സജിക്ക് എതിരെ കേസ് എടുക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.
ഞങ്ങള്‍ക്ക് നീതി ലഭിക്കണം. സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുത്തത് ഒരിക്കലും ന്യായമായ കാര്യമല്ല. മാനസികമായി തകര്‍ന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിനെല്ലാം ഉത്തരവാദികള്‍ സൊസൈറ്റിക്കാരാണ്. വെറുതെ വിടരുത് ഇവരെ. ശിക്ഷ നല്‍കണം – മേരിക്കുട്ടി പറഞ്ഞു.
സാബു തോമസിന്റെ ആത്മഹത്യയ്ക്ക് ശേഷം കേസെടുത്ത പൊലീസ് നൂറ് ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സൊസൈറ്റി ജീവനക്കാരായ മൂന്ന് പേരെ പ്രതികളാക്കിക്കൊണ്ട്, അവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിക്കൊണ്ട് ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികള്‍.
മുന്‍കൂര്‍ ജാമ്യം തേടി സൊസൈറ്റി ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ഇവര്‍ ഹാജരാകുകയും ചെയ്തു. ശേഷമുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. ആദ്യ ഘട്ടത്തില്‍ കുറ്റാരോപിതരായ സൊസൈറ്റി ജീവനക്കാരെ ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരെ തിരികെയെടുത്തു. അതാണ് കുടുംബത്തെ വിഷമത്തിലാക്കിയത്.