Kerala

പാതിവില തട്ടിപ്പ് കേസ്; കോൺഗ്രസ്‌ നേതാവ് ലാലി വിൻസെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കണ്ണൂര്‍: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ്‌ നേതാവ് ലാലി വിൻസെന്‍റിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്തത്. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 7-ാം പ്രതിയാണ് ലാലി വിൻസെന്‍റ്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. മൂന്ന് തവണ ലീഗൽ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു കൃഷ്ണനിൽ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് മൊഴി. ലാലിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ ആളുകളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസില്‍ തന്നെ പ്രതി ചേര്‍ത്ത വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന് ലാലി വിന്‍സെന്‍റ് നേരത്തെ പ്രതികരിച്ചിരുന്നു. അനന്തു കൃഷ്ണനുമായി ഉളളത് നിയമോപദേശക എന്ന രീതിയിലുളള ബന്ധമാണ്. പദ്ധതി സുതാര്യമായിരുന്നെന്നും കേരളം മുഴുവന്‍ ഏറ്റെടുത്ത ജനോപകാരപ്രദമായ പദ്ധതിയെ തട്ടിപ്പ് എന്ന് വിളിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും അവര്‍ പറഞ്ഞിരുന്നു.

എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്​ക്ക് സ്കൂട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണൻ്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം.