Travel

ഇത് സ്വർണ്ണം ഒഴുക്കുന്ന നദി

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിലാണ് ഈ നദിയുടെ ഉത്ഭവം.

 

ഒരു നദിയിലൂടെ സ്വർണ്ണം ഒഴുകുന്നു. കേൾക്കുമ്പോൾ ഒരു കെട്ടുകഥയിലെ സാങ്കൽപ്പിക നദിയായി തോന്നാം. എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യയിൽ അത്തരത്തിലൊരു നദി ഉണ്ടെങ്കിലോ??

ഇത് സുബർണ്ണ രേഖ നദി. വടക്കേ ഇന്ത്യയിലെ ജാർഖണ്ഡിൽ പോയാൽ നിങ്ങൾക്ക് കാണാം സ്വർണ്ണനിധികളും നി​ഗൂഢതകളും ഒളിപ്പിച്ച ഈ നദി.സ്വര്‍ണത്തിന്‍റെ രേഖ എന്നതാണ് സുബര്‍ണ്ണരേഖ എന്ന വാക്കിന്‍റെ അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശുദ്ധമായ സ്വര്‍ണ്ണം വഹിച്ചു കൊണ്ടാണ് ജാർഖണ്ഡിലൂടെ ഈ നദിയുടെ ഒഴുക്ക്.ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിലാണ് ഈ നദിയുടെ ഉത്ഭവം.

ഈ നദീതടത്തില്‍ പലപ്പോഴും ശുദ്ധമായ സ്വര്‍ണ്ണം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ നദിയില്‍ എവിടെ നിന്നു സ്വര്‍ണ്ണം വരുന്നുവെന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളാണ് ഇതിന് കാരണമെന്ന് പലരും പറയുന്നുണ്ടെങ്കിലും ഈ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ നദിയിലെ സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവയിലൂടെ ഒഴുകി സുബര്‍ണരേഖ നദി, ഹുന്‍ഡ്രു വെള്ളച്ചാട്ടം എന്ന വെള്ളച്ചാട്ടത്തിന്റെ രൂപത്തില്‍ സമതലങ്ങളിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കുന്നു. സുബര്‍ണരേഖ നദിയുടെ പോഷകനദിയായ ഖാര്‍കാരി നദിയിലും സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മണ്‍സൂണ്‍ ഒഴികെ വര്‍ഷം മുഴുവനും ഈ നദിയില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും, ഗോത്രവര്‍ഗക്കാര്‍ക്കും മികച്ച തൊഴില്‍ അവസരമാണ് ഈ നദി ഒരുക്കുന്നത്. ഇവര്‍ നദിയിലെ മണല്‍ ഫില്‍ട്ടര്‍ ചെയ്യാനും, നദീതടത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനും സഹായിക്കുന്നു.

ഒരു നെല്‍മണിയുടെ വലുപ്പത്തിലുള്ള സ്വര്‍ണ്ണ കണികകള്‍ ആണ് ഈ നദിയില്‍ നിന്ന് ലഭിക്കാറ്. നദിയുടെ അടിത്തട്ടില്‍ അരിപ്പകള്‍ ഉപയോഗിച്ച് മണല്‍ അരിച്ചെടുക്കുന്നത് പോലെയാണ് സ്വർണ്ണം നദിയിൽ നിന്നും വേർതിരിച്ചെടുക്കുന്നത്.