നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ആര്യാടൻ മുഹമ്മദിലൂടെ കോട്ടയാക്കി വെച്ച മണ്ഡലം തിരികെ പിടിക്കാൻ കോൺഗ്രസും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ഒടുവിൽ വഞ്ചകനായി പടയിറങ്ങിയ അൻവറിന് മുന്നിൽ ജയിച്ചു കാണിക്കാൻ സിപിഎമ്മും നിതാന്ത പരിശ്രമത്തിലാണ്.
ആര്യാടന്റെ മണ്ണിൽ സിപിഎം അക്കൗണ്ട് തുറന്നത് കോൺഗ്രസിന് ഒരു ഞെട്ടലായിരുന്നു. അതുകൊണ്ടു തന്നെ സാമുദായിക സമവാക്യങ്ങൾ കണക്കിലെടുത്ത് വി.എസ്.ജോയിയെ എന്ന യുവ നേതാവിനെ രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം. ആര്യാടൻ ഷൗക്കത്തിന് എതിർപ്പുണ്ടെങ്കിലും മറിച്ചൊരു പേരിലേക്ക് പോകില്ലെന്ന് എതാണ്ട് ഉറപ്പാണ്. പരസ്പരം ബദ്ധശത്രുക്കളായിരുന്ന അൻവറും ആര്യാടനും ഈ തെരഞ്ഞെടുപ്പിൽ ഒന്നിക്കുന്നതും പ്രത്യേകതയാണ്.
സിപിഎമ്മിന് ഇത് അഭിമാന പോരാട്ടം തന്നെയാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് രണ്ട് തവണ എംഎൽഎ ആയ അൻവർ ഒരു സുപ്രഭാതത്തിൽ രാജിവെച്ച് ഡിഎംകെയിലും പിന്നീട് തൃണമൂലിലും ചേക്കേറിയത് രാഷ്ട്രീയ വഞ്ചനയായി തന്നയാണ് മലപ്പുറത്തെ സിപിഎം കാണുന്നത്. കോൺഗ്രസ് കോട്ടയിൽ ഒരാളെ ജയിപ്പിച്ചെടുക്കുക അസാധ്യമായിരുന്ന സമയത്താണ് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന അൻവറിനെ ഇടതുപാളയത്തിലെത്തിച്ച് വിജയിപ്പിച്ചെടുത്തത്. അതുകൊണ്ട് തന്നെ ശക്തനായ എതിരാളിയെ കണ്ടെത്തി മണ്ഡലത്തെ ഒപ്പം നിർത്താനാണ് സിപിഎം നീക്കം.
കോൺഗ്രസിൽ വി എസ് ജോയിയാണെങ്കിൽ സിപിഎം രംഗത്തിറക്കുന്നത് എം സ്വരാജ് എന്ന നിലമ്പൂർക്കാരനെ തന്നെയാണ്. ചുങ്കത്തറ കോളജിലെ എസ്എഫ്ഐ നേതാവായി രാഷ്ടീയ രംഗത്തെത്തിയ സ്വരാജ് ഇന്ന് കേരളത്തിലെ മുൻ നിര നേതാക്കളിൽ ഒരാളാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗമായി പ്രവർത്തിക്കുന്ന സ്വരാജ് തൃപ്പൂണിത്തറയിൽ നിന്ന് നിയമസഭയിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് സ്വരാജോളം നല്ലൊരു ഓപ്ഷൻ ഇല്ല എന്നത് തന്നെയാണ് യാഥാർഥ്യം. നിലവിൽ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ അഭിമാന പോരാട്ടത്തിന് സ്വരാജ് തന്നെ ഇറങ്ങുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
content highlight: Nilambur by election