കോട്ടയം ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി. പ്രതികളുടെ പ്രായവും മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. സീനിയർ വിദ്യാർഥികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് ജാമ്യം.
കോട്ടയം സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിലെ 6 ജൂനിയർ വിദ്യാർഥികളാണ് റാഗിങിന് ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെ റാഗ് ചെയ്യുകയായിരുന്നു. ജൂനിയർ വിദ്യാർഥികളെ നഗ്നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്സ് നടത്തിയത്.
ഫ്രെബ്രുവരി 11 നാണ് പ്രതികൾ അറസ്റ്റിലായത്. കേസിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്‌തത് പീഡനമാണെന്നും ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.
STORY HIGHLIGHT: ragging case at kottayam nursing college