യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി പ്രഖ്യാപിച്ച താരിഫുകളുടെ മുമ്പിൽ പകച്ച് നിൽക്കുകയാണ് വിപണിയും നിക്ഷേപകരും.എന്നാൽ യുഎസിലെ മുതിര്‍ന്ന നിക്ഷേപകനായ വാറന്‍ ബഫറ്റിനെ താരിഫ് യുദ്ധമൊന്നും ബാധിച്ചിട്ടേയില്ല. ഓഹരി വിപണികളില്‍ നിന്ന് നേട്ടം കൊയ്യുന്നത് തുടരുകയാണ് മാർക്കറ്റിലെ കിങ്. യുഎസ് പ്രസിഡന്റായി ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയശേഷം 184 രാജ്യങ്ങള്‍ക്കു മേലാണ് യുഎസ് താരിഫുകള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി ആഗോള വിപണികള്‍ കൂപ്പുകുത്തുകയും വാള്‍ട്രീറ്റിന്റെ മൊത്തം മൂല്യത്തില്‍ ഏകദേശം എട്ട് ട്രില്ല്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു.ഇതൊക്കെ സംഭവിച്ചെങ്കിലും വാരൻ ബുഫെ ജൈത്രയാത്ര തുടരുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹത്തിന്റെ സമ്പത്തില്‍ 127 കോടി ഡോളര്‍ കൂടി ചേര്‍ക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 155 ബില്ല്യണ്‍ ഡോളറാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎസ് ഓഹരി വിപണികള്‍ ഏകദേശം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2020 മാര്‍ച്ചിലെ കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. എങ്കിലും ബഫറ്റ് തന്റെ കമ്പനിയിലെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടിക്കൊണ്ടിരിക്കുകയാണ്.