മലപ്പുറം: വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച വയറ്റാട്ടിയായ സ്ത്രീ കസ്റ്റഡിയില്‍.ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അക്യുപങ്ചർ ചികിത്സാരീതിയിലൂടെ പ്രസവം നടത്തി എടുക്കാനുള്ള ശ്രമത്തിലാണ് പെരുമ്പാവൂർ സ്വദേശിയായ അസ്മ കൊല്ലപ്പെട്ടത്. പ്രാണവേദന ആണെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ വികലമായ രീതിയിൽ പ്രസവം നടത്തിയതിനെ തുടർന്നാണ് അസ്മ മരിച്ചത്.
മരണകാരണം കടുത്ത രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണ് മരണം. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. ഇതിനിടെ യുവതിക്കു ബോധം നഷ്ടമായി. ഭര്‍ത്താവിനോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ സിറാജുദീൻ തയ്യാറായില്ല. വയറ്റാട്ടിയായ ഫാത്തിമയുടെ സഹായം മാത്രമാണ് ഭർത്താവ് തേടിയത്. വീട്ടിലെത്തിയ പാത്തിമ കുഴപ്പമില്ലെന്നു പറഞ്ഞു മടങ്ങിയതായും സിറാജുദീൻ അസ്മയുടെ ബന്ധുക്കളോടു പറഞ്ഞിരുന്നു. യുവതി മരിച്ചതോടെ ദുരൂഹസാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരികയായിരുന്നു.
അസ്മയുടെ മരണവിവരം സഹോദരങ്ങളെയുൾപ്പെടെ അറിയിക്കാതെ ഭർത്താവ് മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മാതൃസഹോദരൻ ടി.കെ. മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുൽപ്പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടർന്നാണു സംഘർഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. അസ്മയുടെ മരണത്തിലെ ദുരൂഹത പരിശോധിക്കാൻ സമഗ്ര അന്വേഷണം വേണമെന്നാണു ബന്ധുക്കളുടെ ആവശ്യം.
content highlight: Malappuram asma