900 കിയ കാര്‍ എഞ്ചിനുകള്‍ അഞ്ച് വര്‍ഷത്തിനിടെ മോഷണം പോയതായി പരാതി. ആന്ധ്രാപ്രദേശിലെ പ്ലാന്റിലാണ് സംഭവം. ശ്രീ സത്യസായ് ജില്ലയിലെ പെനുകൊണ്ടയിലുള്ള പ്ലാന്റിലെ സംഭവം ചൂണ്ടിക്കാട്ടിയാണ് കമ്പനി മാർച്ച് 19ന് പോലീസിൽ പരാതി നൽകിയത്. 2020 മുതലാണ് മോഷണങ്ങള്‍ ആരംഭിച്ചതെന്ന് പെനുകൊണ്ട സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വൈ വെങ്കടേശ്വര്‍ലു അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ 900 എഞ്ചിനുകള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്ലാന്റിലേക്ക് എഞ്ചിനുകള്‍ കൊണ്ടുപോകുന്നതിനിടെയും പ്ലാന്റിനുള്ളില്‍ നിന്നും എഞ്ചിനുകള്‍ മോഷ്ടിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം പിടിഐയോട് സംസാരിക്കവെ വ്യക്തമാക്കി. പ്ലാന്റിനുള്ളില്‍ തന്നെയുള്ളവരാകാം മോഷണം നടത്തുന്നതെന്നാണ് സംശയമെന്നും പൊലീസ് പറയുന്നുണ്ട്. മാനേജ്‌മെന്റിന്റെ അറിവില്ലാതെ ഒരു ചെറിയ സാധനം പോലും പരിസരത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകാനാകില്ല.
ഇതാണ് ഉള്ളിലുള്ളവരെ തന്നെ സംശയിക്കാന്‍ കാരണം. പ്രാഥമിക അന്വേഷം ചിലരിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം കിയ അധികൃതര്‍ സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
content highlight: KIA engine