ഇന്ത്യയിൽ മൊബൈൽ ഫോൺ വിപ്ലവം തുടങ്ങിയ കാലത്ത് രാജാവായിരുന്നു നോക്കിയ. മൊബൈൽ ഫോൺ എന്നാൽ നോക്കിയ എന്ന് തന്നെ പറയാമായിരുന്നു. എന്നാൽ സാംസങ്ങും മറ്റും പുത്തൻ അപ്ഡേറ്റുകളുമായി രംഗത്തെത്തിയതോടെ ഉപഭോക്താക്കളെ പിടിച്ച് നിർത്താൻ നോക്കിയയ്ക്കായില്ല. കാലത്തിനൊത്ത് കോലം മാറാൻ നോക്കിയയ്ക്ക് കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. അങ്ങനെ ഇന്ത്യയിൽ നോക്കിയ തരംഗം അവസാനിച്ചു. പക്ഷെ ഇപ്പോഴിതാ തിരിച്ച് വരവിനൊരുങ്ങുകയാണ് കമ്പനി. ഫ്രഞ്ച് ബ്രാൻഡായ അൽകാടെലുമായി സഹകരിച്ച് ഇന്ത്യയിൽ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നോക്കിയ ഇപ്പോൾ
ഈ പങ്കാളിത്തത്തിലൂടെ നോക്കിയ സ്‍മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചെത്തുകമാത്രമല്ല ഉടൻ തന്നെ ഒരു പ്രീമിയം ഡിവൈസ് പുറത്തിറക്കുകയും ചെയ്യാനാണ് പദ്ധതി. ഫ്ലിപ്‍കാർട്ട് വഴി ആയിരിക്കും ഈ പുതിയ സ്‍മാർട്ട് ഫോണിന്‍റെ ലോഞ്ച് നടക്കുക. ഈ സ്മാർട്ട്‌ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ തന്നെ ആയിരിക്കും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ സ്റ്റൈലസ് പെൻ പിന്തുണ ഉണ്ടായിരിക്കും. ഇത് ഈ ഫോണിലെ ശ്രദ്ധേയമായൊരു ഫീച്ചർ ആയിരിക്കും. ഈ ഫോണിന്റെ ലോഞ്ചിങ് എപ്പോഴാണെന്നതിൽ വ്യക്തത വന്നിട്ടില്ല.
അടുത്ത കാലം വരെ നോക്കിയയുടെ സ്മാർട്ട്‌ഫോണുകൾ എച്ച്എംഡി ഗ്ലോബലിന്റെ പങ്കാളിത്തത്തോടെയാണ് പുറത്തിറക്കിയിരുന്നത്, എന്നാൽ കഴിഞ്ഞ വർഷം മുതൽ എച്ച്എംഡി സ്വന്തം ബ്രാൻഡിംഗുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ഫ്രഞ്ച് ടെക്ക് ബ്രാൻഡായ അൽക്കാടെലിന് വലിയൊരു ചരിത്രം ഉണ്ട്. 1996 മുതൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ വിവിധ വിപണികളിൽ കോർഡഡ് മൊബൈൽ ഫോണുകൾ വിറ്റിരുന്ന കമ്പനിയാണ് അൽക്കാടെൽ.
സ്‍മാർട്ട്‌ഫോണുകളുടെ വരവോടെ 2006 ഓടെ കോർഡഡ് മോഡലുകളിൽ നിന്ന് അൽകാടെൽ ചുവടുമാറ്റി. തുടർന്ന് ലൂസെന്റുമായി സഹകരിച്ച് ടെലികോം ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്‍മാർട്ട്‌ഫോണുകൾക്ക് പുറമേ, അൽകാടെലിന്റെ ഉൽപ്പന്ന നിരയിൽ ടാബ്‌ലെറ്റുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടുന്നു. അതേസമയം, നോക്കിയ കമ്പനി ടെലികോം ഉപകരണങ്ങൾ മുതൽ നെറ്റ്‌വർക്ക് സൊല്യൂഷനുകൾ വരെ ലോകമെമ്പാടും വിപുലമായ സേവനങ്ങൾ നൽകുന്നത് തുടരുകയാണ്.