കേരള പോലീസ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ തുടക്കം.
ഏപ്രില്‍ 11 മുതല്‍ 15 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വൈകിട്ട് മൂന്ന് മണിക്ക് നിര്‍വഹിക്കും.
ഓള്‍ ഇന്ത്യ പോലീസ് സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് പരിപാടി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആന്‍റമന്‍ നിക്കോബാര്‍ ഐലന്‍ഡ്, അസാം റൈഫിള്‍സ്, BPR&D, BSF, CISF, CRPF, IB, ITBP, NDRF, NSG, CGO, RPF, SSB തുടങ്ങിയ 53 സേന വിഭാഗങ്ങളില്‍ നിന്നുമുള്ള ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. 43 ടീമുകളെ പ്രതിനിധീകരിച്ചുള്ള 1,033 അത്ലറ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഇതില്‍ 825 പുരുഷന്മാരും 208 സ്ത്രീകളും ഉള്‍പ്പെടുന്നു. സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളിലായാണ് ബാഡ്മിന്‍റനും ടേബിള്‍ ടെന്നിസ് മത്സരങ്ങള്‍ നടക്കുന്നത്. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ 10 ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, എട്ട് ടേബിള്‍ ടെന്നിസ് കോര്‍ട്ടുകള്‍ എന്നിവയിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിന്‍റെ സംഘാടക ചുമതലയില്‍ എ.ഡി.ജി.പിമാരായ മനോജ് എബ്രാഹം (ചെയര്‍മാന്‍), എസ് ശ്രീജിത്ത് (വൈസ് ചെയര്‍മാന്‍), ഡി.ഐ.ജി & കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവരാണ്.
ഡിജിപി, എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, എസ്.പിമാര്‍ എന്നിവരടങ്ങുന്ന 16 സമിതികളാണ് മത്സരത്തിന്‍റെ വിവിധ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പങ്കെടുക്കുന്ന അത്ലറ്റുകള്‍ക്ക് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലും ലോഡ്ജുകളിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാ മത്സരങ്ങളും ചടങ്ങുകളും പോലീസ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലൈവായി സംപ്രേക്ഷണം ചെയ്യും. ഏപ്രില്‍ 15ന് വൈകിട്ട് 4.30നുള്ള സമാപന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജിവ് വിശിഷ്ടാതിഥി ആകും. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടാകും.
പോലീസിന്‍റെ ഊര്‍ജവും ഏകതയും പ്രകടിപ്പിക്കുന്ന ആഘോഷമാകുന്നതാവും ഈ ക്ലസ്റ്റര്‍ കായിക മത്സരം. കേരളത്തിലെയും ഇന്ത്യയിലെയും പോലീസ് കായിക ചരിത്രത്തില്‍ ഇത് ഒരടയാളം കുറിക്കും.
CONTENT HIGH LIGHTS;First All India Police Badminton & Table Tennis Tournament to begin tomorrow: CM to inaugurate