India

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; ഡൽഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. തഹാവൂർ റാണയുമായുള്ള പ്രത്യക വിമാനം ഇറങ്ങിയത് പാലം എയർപോർട്ടിൽ. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം.

നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ഡൽഹിയിൽ എത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പന്ത്രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. എൻഐഎയുടെ കസ്റ്റഡിയിലാക്കിയ ശേഷം മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കും. റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

മുംബെെ ഭീകരാക്രമണക്കേസിൽ മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവൂർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവൂർ റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തിൽ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവൂർ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും വിവരമുണ്ട്.

കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ സഹായിയായിരുന്നു റാണ. 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.

ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി അമേരിക്കൻ സുപ്രീം കോടതി തള്ളിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കാൻ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു. അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം ബുധനാഴ്ച ഡൽഹിയിൽ ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് പുറമേ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും വിദേശകാര്യ സെക്രട്ടറിയും പങ്കെടുത്തു.

Latest News