Travel

മനോഹരമായ മലനിരകളും പ്രകൃതിഭംഗിയും; സപ്തര്‍ഷികള്‍ വസിക്കുന്ന മണാലി | Manali is the most popular tourist attraction in Himachal Pradesh

സപ്തര്‍ഷികളുടെ വാസകേന്ദ്രമായും മനാലി വാഴ്ത്തപ്പെടുന്നു

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മണാലി. കുളളു – മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിലാണ് മനാലി. പുരാണകഥാപാത്രമായ മനുവിന്റെ പേരില്‍നിന്നുമാണ് ഈ പ്രദേശത്തിന് മനാലി എന്ന പേരുവന്നത് എന്നാണ് വിശ്വാസം. ഏഴ് മന്വന്തരങ്ങളില്‍ ഒരിക്കല്‍ മനു ഇവിടം സന്ദര്‍ശിക്കുമെന്നാണ് ഐതിഹ്യം. സപ്തര്‍ഷികളുടെ വാസകേന്ദ്രമായും മനാലി വാഴ്ത്തപ്പെടുന്നു. മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.

1533 ലാണ് ഹഡിംബ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. 300 മീറ്റര്‍ സ്‌കൈ ലിഫ്‌ററിംഗിന് പേരുകേട്ട് സോലാംഗ് വാലിയാണ് മനാലിയിലെ പേരുകേട്ട മറ്റൊരാകര്‍ഷണം. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്‌കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്. വ്യാസമഹര്‍ഷി സ്‌നാനം ചെയ്തത് എന്നുകരുതപ്പെടുന്ന ഋഷികുണ്ഡാണ് മനാലിയില്‍ കാണാതെ പേകരുതാത്ത ഒരു ആകര്‍ഷണം. പാപനാശിനിയായാണ് വിശ്വാസികള്‍ ഋഷികുണ്ഡിനെ കാണുന്നത്. മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ് ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. കാലഗുരുവും രാമക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്. 300 ലധികം പക്ഷിവര്‍ഗങ്ങളും 30 ലധികം ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്.

മനാലിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് ജഗന്നാഥി ദേവിക്ഷേത്രം. മഹാവിഷ്ണുവിന്റെ സഹോദരിയായ ഭുവനേശ്വരി ആണ് ഇവിടത്തെ പ്രതിഷ്ഠ. 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമ്പാതയിലൂടെ 90 മിനിറ്റ് നടന്നാല്‍ മാത്രമേ ഈ ക്ഷേത്രത്തില്‍ എത്താന്‍ കഴിയൂ. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ദുര്‍ഗാദേവിയുടെ വിവിധ രൂപഭാവങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. രഘുനാഥ ക്ഷേത്രമാണ് മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം. വിമാന, ട്രെയിന്‍, റോഡ് മാര്‍ഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മണാലി.

STORY HIGHLIGHTS :  Manali is the most popular tourist attraction in Himachal Pradesh