India

ഭീകരൻ തഹാവൂർ റാണയെ അറസ്റ്റ് ചെയ്തു; ഡൽഹിയിൽ പഴുതടച്ച സുരക്ഷ

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അറസ്റ്റ് ചെയ്തു. തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എൻഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. തിഹാർ ജയിലിലേക്കാണ് റാണയെ മാറ്റുക.

ഡൽഹിയിൽ പഴുതടച്ച സുരക്ഷയാണ്. ഡൽഹി പൊലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.

റാണയുടെ വിചാരണ ഡൽഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന് പരിശോധിക്കും. സുപ്രീം കോടതി അനുവദിക്കുകയാണെങ്കിൽ ഒറ്റ വിചാരണയാക്കും. റാണയെ ഇന്ത്യയിൽ എത്തിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.