മുംബൈ: യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ NIA കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തെ കസ്റ്റഡിയാണ് ഡൽഹി പട്യാല കോടതി നൽകിയത്. റാണയെ ചോദ്യം ചെയ്യുന്നതിലൂടെയാവും ഭീകരാക്രമണത്തിലെ സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുക. റാണയെ ഡൽഹി എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. ഡൽഹി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയുഷ് സച്ച്ദേവ റാണയ്ക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്നു.
ഇന്നലെയാണ് അമേരിക്ക റാണയെ ഇന്ത്യക്ക് കൈമാറിയത്. തഹാവൂര്‍ റാണയെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാർ ജയിലിലേക്കാണ് റാണയെ മാറ്റുക. ഡൽഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.
കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്–ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.