എറണാകുളം: എറണാകുളം ജില്ലാ കോടതിയിൽ അഭിഭാഷകരും മഹാരാജാസ് കോളജ് വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടൽ. പരിക്കേറ്റ 12 വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്. ബിയർ ബോട്ടിലുകളും കമ്പിവടികളും ഉപയോഗിച്ചാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി എന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.അഭിഭാഷകർ മദ്യപിച്ചിരുന്നില്ല എന്നും ബാർ അസോസിയേഷൻ പ്രതിനിധി പറഞ്ഞു.
കോളേജ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്കിടയിലേക്ക് അഭിഭാഷകർ വന്ന് പ്രശ്നമുണ്ടാകുകയായിരുന്നുവെന്ന് കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ആരോപിച്ചു. പെൺകുട്ടികളെ കടന്നുപിടിച്ചു, വിദ്യാർഥികളുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച ശേഷം പുക ഊതി. അഭിഭാഷകളുടെ മെഡിക്കൽ എടുക്കണം എന്നും, നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കും എന്നും കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് പറഞ്ഞു.