World

ഗസ്സ: വെടിനിർത്തൽ നീക്കം പുരോഗമിക്കുന്നതായി റിപ്പോർട്ട്​

ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കം പുരോഗമിക്കുന്നതായി റിപ്പോർട്ട്​. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പുരോഗതിയുള്ളതായി അമേരിക്ക അറിയിച്ചു. അതേസമയം, ഗസ്സയിൽ​ ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ വെടിനിർത്തൽ നീക്കത്തിൽ പുരോഗതിയുള്ളതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ‘ആക്​സിയോസ്​’ ഉൾപ്പെടെ വിവിധ ​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അമേരിക്കയിലെത്തിയ ബന്ദികളുടെ ബന്ധുക്കളുമായി ട്രംപ്​ ഭരണകൂടം നടത്തിയ ചർച്ചയിൽ പുതിയ വെടിനിർത്തൽ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന സൂചനയാണ്​ നൽകിതെന്ന്​ ഇസ്രായേൽ ചാനൽ 12 അറിയിച്ചു.

ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപുമായും കഴിഞ്ഞ ദിവസം ഗസ്സ വെടിനിർത്തൽ സംബന്ധിച്ച്​ ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഗസ്സയിലേക്ക്​ സഹായം ഉറപ്പാക്കുന്നതിനുള്ള വെടിനിർത്തൽ നിർദേശം ഹമാസ്​ തള്ളുകയായിരുന്നുവെന്ന്​​ വൈറ്റ്​ ഹൗസ്​ വക്​താവ്​ പ്രതികരിച്ചു. തെക്കൻ ഗസ്സയിലും മറ്റും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ ഗസ്സയി​ലെ പ്രധാന ജലസംഭരണിയും ബോംബിട്ടു തകർത്തു. ഭക്ഷണം, വെള്ളം, മരുന്ന്​ എന്നിവയുടെ ക്ഷാമം കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതായി യു.എൻ അറിയിച്ചു.