തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ പോലീസ് കേസെടുത്തു. പത്ത് എസ്എഫ്ഐ-കെഎസ്‍യു നേതാക്കൾക്കെതിരെയാണ് കൻ്റോൺമെൻ്റ് പോലീസിന്റെ നടപടി. കണ്ടാലറിയാവുന്ന 200 പേർക്ക് എതിരെയും പോലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ട് സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്‌ളാദത്തിനിടെയാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്. യൂണിയൻ ജനറൽ സീറ്റായ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആമിന ബ്രോഷ് ആണ് ജയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി.