Kerala

വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും; വിവാദ പരാമർശത്തിന് പിന്നാലെ ഇന്ന് ഒരേ വേദിയിൽ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. മലപ്പുറത്തിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒരേ വേദിയിൽ പങ്കെടുക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, വി എൻ വാസവൻ എന്നിവരും പങ്കെടുക്കും. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി കടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുഴുവൻ സമയം അടച്ചിടണമെന്ന് പോലീസ് നോട്ടീസ് നൽകിയതും വിവാദമായി.

അതേസമയം, എസ്എൻഡിപി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കരിദിനാചരണം നടത്തും. കൊല്ലത്ത് എസ്എൻഡിപി യോഗം ആസ്ഥാനത്തേക്ക് ധർണ നടത്തുന്ന പ്രവർത്തകർ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കും. യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 30 വർഷം പൂർത്തിയാക്കിയതിന്റെ സ്വീകരണം നടക്കുന്ന ദിവസം തന്നെയാണ് പ്രതിഷേധം. ചേർത്തലയിലെ സ്വീകരണ പരിപാടിയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിൽക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.