Celebrities

ഫാൻസി നമ്പറിന് പണം വാരിയെറിഞ്ഞ് ചാക്കോച്ചനും നിവിൻ പോളിയും; എന്നാൽ സംഭവിച്ചത് | Fancy Number

കാക്കനാട് ആർ ടി ഓഫീസിലാണ് സംഭവം

ഇഷ്ട നമ്പർ സ്വന്തമാക്കാൻ പണം വാരി എറിയുന്നതാണ് ഇന്നത്തെ ട്രെൻഡ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ കെഎല്‍ 07 ഡിജി 007 എന്ന നമ്പര്‍ ലേലത്തില്‍ പോയത് 45 ലക്ഷം രൂപയ്ക്ക് പോയത് എല്ലാവരും കണ്ടിരുന്നു. ഫാൻസി നമ്പറിനു വേണ്ടി പണം മുടക്കുന്നതിൽ മലയാള സിനിമ താരങ്ങൾ ഒട്ടും പിന്നിൽ അല്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വണ്ടി നമ്പറുകൾ വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ഫാൻസി നമ്പറിനു വേണ്ടി പണം മുടക്കിയ വാർത്ത പുറത്തു വരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിലാണ് സംഭവം. ഡിജി സീരിസില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ സിനിമാ താരങ്ങളും എത്തിയതോടെ കാക്കനാട് ആര്‍ടി ഓഫീസല്‍ വാശിയേറിയ ലേലമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ താരങ്ങളായ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനുമാണ് ഇഷ്ട നമ്പറിനായി പണമിറക്കിയത്.

0459 എന്ന നമ്പറായിരുന്നു കുഞ്ചാക്കോ ബോബന് ആവശ്യം. ഫാൻസി നമ്പര്‍ അല്ലാത്തതിനാൽ ലേലമുണ്ടാകില്ലെന്ന് കരുതിയെങ്കിലും മറ്റു അപേക്ഷകരും എത്തിയതോടെ ലേലം നടന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപയ്ക്കാണ് കുഞ്ചാക്കോ ബോബൻ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്‍റെ വാഹനത്തിന് കെഎൽ 07 ഡിജി 0459 നമ്പര്‍ സ്വന്തം.

0011 എന്ന ഫാന്‍സി നമ്പറായിരുന്നു നിവിന്‍ പോളിക്ക് ആവശ്യം. നമ്പറിന്‍റെ പ്രത്യേകത കൊണ്ട് വാശിയേറിയ ലേലം വിളി നടന്നു. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ചെങ്കിലും സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി.

Content highlight: Fancy number