പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് Q4 പ്രഖ്യാപനങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. അവധിയെ തുടർന്ന് ഓഹരി വിപണി വ്യാഴാഴ്ച്ച പ്രവർത്തിച്ചിരുന്നില്ല. അപ്പോഴാണ് 2025 സാമ്പത്തിക വർഷത്തെ നാലാം ക്വാർട്ടർ പ്രഖ്യപനങ്ങൾ കമ്പനി നടത്തിയത്. മാർച്ച് മാസത്തിലെ ലഭ്യമായ കണക്കുകൾ പ്രകാരം 12,224 കോടിയുടെ നെറ്റ് പ്രോഫിറ്റ് കമ്പനി നേടിയതായി പറയുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 12,380 കോടി ആയിരുന്നു. നിലവിലെ വ്യത്യാസങ്ങൾ പ്രകാരം മുൻ വർഷത്തെക്കാൾ 1.3% ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം ക്വാർട്ടറിൽ കമ്പനിയുടെ വരുമാനം 0.8% വർധിച്ച് ₹64,479 കോടിയായി ഉയർന്നു. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തിൽ വരുമാനം 1% കുറഞ്ഞ് $7,465 മില്യണായെന്നും റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയിൽ ട്രംപ് നടപ്പിലാക്കിയ വികലമായ പരിഷ്കാരങ്ങളാണ് ഓഹരി വിപണിയിലെ ചലനങ്ങൾക്ക് കാരണം. എന്നാൽ ഇത് കമ്പനിയുടെ വരുമാനത്തിൽ കുറവ് വരുത്തിയെന്നും അതിനാൽ ജീവനക്കാരുടെ ശമ്പള വർധനവ് ഈ വർഷം ഉണ്ടാകില്ലെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. വരുമാനം മെച്ചപ്പെട്ടാൽ ഈ വർഷം തന്നെ ശമ്പള വർധനവ് നടപ്പിലാക്കുമെന്നും കമ്പനി കൂട്ടിചേർത്തു. ഗ്രൂപ്പ് 2025 സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചു. ടിസിഎസ് ബോർഡ് അതിന്റെ ഓഹരി ഉടമകൾക്ക് ഒരു ഓഹരിക്ക് ₹30 ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്.
എന്നാൽ ഈ കാലയളവിൽ ടിസിഎസിന്റെ പ്രകടനം കണക്കുകൂട്ടലുകളേക്കാൾ ദുർബലമായിരുന്നുവെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിലെ വിദഗ്ധർ പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസവും വിവേചനാധികാര ചെലവുകളും അടുത്തിടെ ടിസിഎസിനെ പലവിധമായ പ്രതിസന്ധികളിലേക്ക് നയിക്കാൻ ഇടയായി. അതേസമയം ടിസിഎസിന്റെ ഓഹരി വില ഒരു മാസത്തിനുള്ളിൽ 10% ഇടിഞ്ഞു, മൂന്ന് മാസത്തിനുള്ളിൽ അത് 20% ആയി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടിസിഎസ് ഓഹരികൾ 84% ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ, ടിസിഎസ് ഓഹരികൾ ബിഎസ്ഇയിൽ 1.44% ഇടിഞ്ഞ് ₹3,246.10 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
content highlight: TCS