കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. പിന്നീട് വിധി പറയാൻ മാറ്റുകയായിരുന്നു.
ജുവനൈൽ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്. ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്.
വിദ്യാർഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കുട്ടികൾ സാക്ഷികളെ സ്വാധീനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾ അഭ്യർഥിച്ചിരുന്നു. ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ്. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു.