ഇന്ന് ഊണിന് ഒരു നാടൻ വിഭവം ആയാലോ? നല്ല സ്വാദുള്ള ഉള്ളിത്തീയൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചമുളക് കീറിയത് 6 എണ്ണം
- വാളമ്പുളി പിഴിഞ്ഞ വെള്ളം പാകത്തിന്
- തേങ്ങ ചിരകിയത് ഒരു കപ്പ്
- മല്ലിപ്പൊടി 3 സ്പൂൺ
- മുളകുപൊടി 2 സ്പൂൺ
- കടുക് 1 സ്പൂൺ
- കറിവേപ്പില
- കുരുമുളക്, ഉലുവപ്പൊടി അൽപം
- എണ്ണ രണ്ട് സ്പൂൺ
- വറ്റൽ മുളക് വറുത്തിടാന്‍ ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണയൊഴിച്ച് ആദ്യം ഉള്ളി വഴറ്റി മാറ്റി വയ്ക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് നാളികേരം ചിരവിയത് വറുത്തെടുക്കണം. ബ്രൗൺ നിറമാകുന്ന പരുവത്തിൽ മല്ലിപ്പൊടി, മുളകുപൊടി ഇവ തേങ്ങയിൽ ചേർത്ത് വറുത്ത് കോരുക. വറുത്തെടുത്ത ചൂടിൽ കുരുമുളക്, ഉലുവ, മഞ്ഞൾപ്പൊടി എന്നിവ കൂടി ഇട്ട് വഴറ്റി നല്ല മയത്തിൽ അരച്ചെടുക്കുക.
പുളി മൂന്ന് കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ഇത്രയും തയ്യാറാക്കിയ ശേഷം വെളിച്ചെണ്ണ ചൂടാക്കി അതിൽ പച്ചമുളക് കീറിയതും വെളുത്തുള്ളിയും ഇട്ട് വഴറ്റിയ ശേഷം നേരെത്ത വഴറ്റി വച്ച ഉള്ളി കൂടി ചേർത്ത് ഒന്നുകൂടെ നന്നായി വഴറ്റുക. നല്ല ബ്രൗൺ നിറമാകുമ്പോൾ ഈ ചേരുവയിലേക്ക് പുളി പിഴിഞ്ഞ വെള്ളവും അരപ്പും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയിൽ കടുക് വറുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കറിയിലേക്ക് ഒഴിക്കുക.