പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ 43 വർഷം കഠിനതടവിന് ശിക്ഷിച്ചു. കൂടാതെ 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുഹമ്മദ് സുഹൈൽഖാനെയാണ്(24) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകാനും ഇല്ലെങ്കിൽ 20 മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.
2020-ലാണ് കേസിന് ആസ്പദമായ സംഭവം. ഫോണിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ നിർബന്ധപൂർവം കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി. 33 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 5 തൊണ്ടിമുതലും ഹാജരാക്കി.