മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ശുചിത്വസാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ 590 കിലോമീറ്റര്‍ തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം നടക്കുന്നു. രാവിലെ 8 മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 12,000 സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖം ബീച്ചില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
തീരദേശത്ത് 47 നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിനായി തീരപ്രദേശത്തെ ജനസാന്ദ്രത കൂടിയ 482 ആക്ഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തി മാപ്പ് ചെയ്തിട്ടുണ്ട്. ഓരോ ആക്ഷന്‍ കേന്ദ്രങ്ങളിലും 25 സന്നദ്ധപ്രവര്‍ത്തരെ വീതം കണ്ടെത്തി പരിശീലനം നല്‍കി വരികയാണ്. തീരദേശത്ത് നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തദ്ദേശവകുപ്പ്, ശുചിത്വമിഷന്‍ എന്നിവക്ക് കൈമാറി പുനരുപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി 590 കി. മീ. തീരദേശത്ത് 1200 ഓളം ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കും.
100 ബോട്ടില്‍ ബൂത്തുകള്‍ തീരദേശത്തെ ഒമ്പത് ജില്ലകളില്‍ ജനസാന്ദ്രത കൂടിയ തീരപ്രദേശങ്ങളില്‍ (ബീച്ചുകള്‍, ഹാര്‍ബറുകള്‍, ലാന്റിംഗ് സെന്ററുകള്‍) സ്ഥാപിക്കും. പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തീരദേശ ജില്ലയ്ക്കും ഓരോ ജില്ലയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കിയത്. 2022 ജൂണ്‍ 8 ന് സംസ്ഥാനതല ഉദ്ഘാടനത്തോടുകൂടിയാണ് ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചത്. രണ്ടാംഘട്ടമാണ് ഏപ്രില്‍ 11 ന് നടക്കുന്നത്.
പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനതല, ജില്ലാതല, തദ്ദേശസ്വയംഭരണ സ്ഥാപനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, സാഫ്, വിനോദസഞ്ചാര വകുപ്പ്, പരിസ്ഥിതി വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ്, മത്സ്യഫെഡ്, യൂത്ത് മിഷന്‍, ഹരിതകേരള മിഷന്‍, ഹരിതകര്‍മ്മ സേന, നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, എന്‍സിസി, എന്‍ എസ് എസ്, കെഎസ് സി എ ഡി സി, യുവജനക്ഷേമ ബോര്‍ഡ്, മത്സ്യ ബോര്‍ഡ്, കുഫോസ്, എംപിഇഡിഎ-നെറ്റ്ഫിഷ്, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകള്‍, ബോട്ട് ഉടമ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും പ്രാദേശിക അടിസ്ഥാനത്തില്‍ വ്യാപകമായ പ്രചരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു വരുകയാണ്.
പദ്ധതിയുടെ മൂന്നാം ഘട്ടം എന്ന നിലയില്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു കടലില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും തുടര്‍ കാമ്പയിനും സംഘടിപ്പിക്കും. നീണ്ടകര കേന്ദ്രീകരിച്ചു മത്സ്യബന്ധന ബോട്ടുകള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് പുനരുപയോഗിക്കുന്ന സംവിധാനം വിജയകരമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനത്തെ 27 ഹാര്‍ബറുകളിലേക്കും മൂന്നാം ഘട്ടത്തില്‍ വ്യാപിപ്പിക്കും. സംസ്ഥാനത്തെ കടലിനെയും കടല്‍തീരത്തെയും പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണിത്.
CONTENT HIGH LIGHTS;The coastline is polluted, should we protect it?: One-day public campaign to eliminate plastic; Second phase of the ‘Clean Ocean, Beautiful Coast’ project