തൃശ്ശൂർ മാളയിലെ ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. ആറുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുത്തതോടെ കൊലപ്പെടുത്തുകയുമായിരുന്നു. കുളത്തിൽ തള്ളിയിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇരുപതുകാരനായ ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം.
അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ജോജോയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടി കുളത്തിൽ ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.